Trending

പലസ്തീൻ ഐക്യദാർഢ്യവുമായി സ്കൂളിൽ മൈം; കർട്ടൻ താഴ്ത്തി അധ്യാപകര്‍, പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.


കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘മൈം ഷോ’ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുവനാക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൺ താഴ്ത്തുകയായിരുന്നു. ഗസ്സയിൽ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് കാണിച്ചു കൊണ്ടാണ് മൈം അവതരിപ്പിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു. നപടിയെടുത്ത അധ്യാപകരുടെ പേര് വെളിപ്പെടുത്താൻ കുട്ടികള്‍ തയ്യാറായില്ല. 

ഇന്നലെ ആറുമണിക്ക് നടന്ന സംഭവത്തിൽ കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നൽകി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാൽ ഇന്ന് പരിപാടി നടന്നിട്ടില്ല. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട് എന്തെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അധ്യാപകരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 'സംഭവത്തിന് പിന്നാലെ അധ്യാപകര്‍ പോലീസിനെ വിളിച്ചുവരുത്തിയെന്നും വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചുവെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസില്ലെന്നും പോലീസ് അധികൃതരും വ്യക്തമാക്കുന്നുണ്ട്. പരിപാടി നിർത്തിവെപ്പിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Post a Comment

Previous Post Next Post