എളേറ്റിൽ: പണമില്ലാത്തതിനാൽ പുതുവസ്ത്രങ്ങൾ വാങ്ങാൻ പ്രയാസപ്പെടുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. അവരെ കാത്തിരിക്കുന്ന ഒരു സ്ഥാപനമുണ്ട് കിഴക്കോത്ത് പഞ്ചായത്തിലെ കാഞ്ഞിരമുക്കിൽ. ‘പർവീൺസ് ഡ്രസ് ബാങ്ക്’ എന്ന ഈ സ്ഥാപനം കഴിഞ്ഞ ഒന്നരവർഷമായി പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ആശ്രയമാണ്. എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കാഞ്ഞിരമുക്ക് നടുക്കണ്ടിയിൽ അബ്ദുൽ സലാമും ഭാര്യ താമരശ്ശേരി കെടവൂർ എംഎംഎൽപി സ്കൂൾ പ്രധാനാധ്യാപികയായ ദിൽഷയും ചേർന്നാണ് 2024 ഏപ്രിൽ 4ന് കിഴക്കോത്ത് കാഞ്ഞിരമുക്കിൽ ഡ്രസ് ബാങ്ക് എന്ന ആശയവുമായി സ്ഥാപനത്തിന് തുടക്കമിട്ടത്. വീടുകളിലെ അലമാരകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാരിലെത്തിക്കുക എന്നതായിരുന്നു അബ്ദുൽ സലാമും ദിൽഷയും ആഗ്രഹിച്ചത്.
ഇതിനായി നരിക്കുനി-കൊടുവള്ളി റോഡിൽ എളേറ്റിൽ കാഞ്ഞിരമുക്കിൽ ഒരു ചെറിയ കടമുറി വാടകക്കെടുത്താണ് ഡ്രസ് ബാങ്കിന് തുടക്കമിട്ടത്. ആവശ്യക്കാർക്ക് ഡ്രസ് ബാങ്കിൽ വന്ന് തികച്ചും സൗജന്യമായി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. വസ്ത്രങ്ങൾ നൽകാനാഗ്രഹിക്കുന്നവർ വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങൾ അലക്കിത്തേച്ച് ഡ്രസ് ബാങ്കിൽ നൽകുകയാണ് വേണ്ടത്. ഇങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങൾ ടെക്സ്റ്റൈൽ ഷോപ്പിലെന്നപോലെ ഭംഗിയായി ഡ്രസ് ബാങ്കിൽ അടുക്കിവെക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ ആറ് വരെയാണ് സ്ഥാപനം പ്രവർത്തിക്കുക. മനസ്സിലുദിച്ച ഈ ആശയം വിജയിക്കുമോ എന്നൊരു ആശങ്ക ഇവർക്കുണ്ടായിരുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾക്ക് ആവശ്യക്കാരുണ്ടാകുമോ എന്നതായിരുന്നു ആശങ്കക്ക് കാരണം. എന്നാൽ, ആളുകളിൽ നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ആളുകൾ ഡ്രസ് ബാങ്കിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 1114 കുടുംബങ്ങളാണ് ഡ്രസ് ബാങ്ക് സന്ദർശിച്ചത്. ഇവർക്കായി പതിനായിരത്തോളം ജോടി വസ്ത്രങ്ങൾ നൽകാൻ കഴിഞ്ഞതായി അബ്ദുൽ സലാം പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് 15 ദിവസങ്ങളിലായി 212 കുടുംബങ്ങൾക്ക് ആയിരത്തിലധികം ജോടി വസ്ത്രങ്ങൾ ഡ്രസ് ബാങ്കിന് നൽകാനായി. ഒരാൾക്ക് ഇഷ്ടമുള്ള രണ്ടു ജോടി വസ്ത്രങ്ങൾ ഇവിടെനിന്ന് എടുക്കാൻ കഴിയും. ഓരോ രണ്ട് മാസം കൂടുമ്പോഴും ആ കുടുംബത്തിന് വീണ്ടും വരാം.
ദിനം തോറും ധാരാളമാളുകൾ അലക്കിത്തേച്ച വസ്ത്രങ്ങൾ ഡ്രസ് ബേങ്കിന് മുന്നിൽ വെച്ചിട്ട് പോകുന്നു. ചിലരൊക്കെ പുതിയ ഡ്രസുകൾ തന്നെ നൽകാറുണ്ട്. അവ തരുന്നത് ആരാണെന്നുപോലും അറിയില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും അതുപോലെ വിദൂര സ്ഥലങ്ങളിൽ നിന്നും കൊറിയറായി വസ്ത്രം അയച്ചു നൽകുന്നവരുമുണ്ട്. വിവാഹ വസ്ത്രങ്ങളും ഡ്രസ് ബാങ്കിൽ ശേഖരിക്കുന്നുണ്ട്. വസ്ത്രങ്ങൾ മാത്രമല്ല ബെഡ് ഷീറ്റ്, കാർപ്പെറ്റ്, കുട, ബാഗ്, സ്കൂൾ ബാഗ്, ഷൂ, ചെരിപ്പ്, മറ്റു വീട്ടുപകരണങ്ങൾ തുടങ്ങി ഉപയോഗയോഗ്യമായ എന്തിനും ആവശ്യക്കാരേറെയാണ്. ഡ്രസ് ബാങ്ക് രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ഈ അധ്യാപക ദമ്പതിമാരുടെ മുഖത്ത് തികഞ്ഞ സംതൃപ്തിയാണ്. ഇവരുടെ ഫോൺ നമ്പർ: 9946568081.