Trending

‘ശക്തി' ആഞ്ഞടിക്കും; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത, ഗുജറാത്തിലും മുന്നറിയിപ്പ്.


മുംബൈ: അറബിക്കടലിൽ രൂപപ്പെട്ട ശക്തി ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഒക്ടോബർ 4 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്നും കര തൊടുമെന്നുമാണ് കാലാവസ്ഥ വകുപ്പിൻ്റെ കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിലാണ് പ്രധാനമായും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. തീരദേശ, ഉൾനാടൻ ജില്ലകളെ ഇത് സാരമായി ബാധിക്കും. മഹാരാഷ്ട്രക്ക് പുറമേ ഗുജറാത്തിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൺസൂണിന് ശേഷം അറബിക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റാണ് ‘ശക്തി’ ചുഴലിക്കാറ്റ്. മണിക്കൂറിൽ 100 കി.മീ വേഗതയിൽ കാറ്റ് വീശിയടിക്കുമെന്നാണ് കലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് തയ്യാറെടുപ്പുകൾക്കായി മഹാരാഷ്ട്ര സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങൾ അവരുടെ ദുരന്ത നിവാരണ സംവിധാനങ്ങൾ സജീവമാക്കണം, തീരദേശ, താഴ്ന്ന പ്രദേശങ്ങളിലെ പൗരന്മാർക്ക് ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കണം, പൊതു മുന്നറിയിപ്പുകൾ നൽകണം, കടൽ യാത്ര ഒഴിവാക്കണമെന്ന് ഉപദേശിക്കണം, കനത്ത മഴക്കാലത്ത് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. എന്നാൽ, ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

Post a Comment

Previous Post Next Post