Trending

‘ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകളില്ല’; കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു.


കോഴിക്കോട്: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാംപസ് അനശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. സമാധാനം പുനസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ അറിയിച്ചു. 

വെള്ളിയാഴ്ച വൈകീട്ട് മുതലാണ് സർവ്വകലാശാല ക്യാംപസിനുള്ളിൽ സംഘർഷം ഉണ്ടായത്. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും ഇന്നലെ കനത്ത സംഘർഷമാണ് ഉണ്ടായത്. 20ലേറെ പേർക്ക് പരുക്കേറ്റു. പോലീസ് ലാത്തിവീശിയതോടെ എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവർത്തകർ ചിതറിയോടി. ലാത്തിയടിയേറ്റ് സെമിനാർ കോംപ്ലക്സിന്റെ വാതിൽ ചില്ലുകൾ തകർന്നു. റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യുഡിഎസ്എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

കീറിയും ചവിട്ടേറ്റും 45ലേറെ ബാലറ്റ് പേപ്പറുകളാണ് നശിപ്പിക്കപ്പെട്ടത്. വോട്ടെണ്ണൽ തുടരണമെന്ന ആവശ്യവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് അടക്കമുള്ള നേതാക്കൾ നിലയുറപ്പിച്ചെങ്കിലും പോളിങ് ഏജന്റുമാരില്ലാതെ വോട്ടെണ്ണേണ്ടെന്ന് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ രേഖാമൂലം പോളിങ് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. വോട്ടെണ്ണാമെന്നായിരുന്നു റജിസ്ട്രാറുടെ നിലപാട്. എന്നാൽ, മതിയായ സുരക്ഷയും ഔദ്യോഗിക അറിയിപ്പുമില്ലാതെ എണ്ണാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post