Trending

തലശ്ശേരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരിക്ക്.


കണ്ണൂർ: തലശ്ശേരി ന്യൂമാഹി ഹുസ്സൻമൊട്ടയിൽ കാറും തമ്മിൽ ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്ക്. തളിപറമ്പ് ആലക്കോട് മണ്ണൂർ വായാട്ടു പറമ്പിലെ ഷാജി ജോസഫാണ് (64) മരിച്ചത്. ഷാജിയുടെ ഭാര്യ സജിത ഉൾപ്പെടെയുള്ള ബന്ധുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സജിതക്ക് തലയിൽ സാരമായി മുറിവേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 7.45 ഓടെ ദേശീയ പാതയിൽ പുന്നോൽ ഹുസ്സൻ മൊട്ട ബസ് സ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടം. കോഴിക്കോട് എയർപ്പോർട്ടിൽ നിന്ന് കണ്ണൂർ തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന തക്വവ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലിടിക്കുകയായിരുന്നു. 

എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നോവയുടെ പിൻസീറ്റിൽ ഉൾപ്പെടെ പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് മുൻ സീറ്റിൽ ഇടത് വശത്ത് കുടുങ്ങിപ്പോയ ഷാജിയെ പുറത്തെടുത്ത് ആമ്പുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാജിയെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ​

Post a Comment

Previous Post Next Post