ബാലുശ്ശേരി: ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണം കാണാതായതിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി വിനോദനെതിരെ മലബാർ ദേവസ്വം ബോർഡ് പരാതി നൽകി. കാണാതായ 20 പവൻ സ്വർണം രാവിലെ പതിനൊന്നു മണിക്കകം തിരികെ എത്തിക്കാത്തതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്.
ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്ന ടി ടി വിനോദ് കാണാതായ സ്വർണ്ണവും രേഖകളും എത്തിക്കാതായതോടെയാണ് രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം ഉയർത്തിയത്. ദേവസ്വം ബോർഡ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചു നിലവിലെ എക്സിക്യൂട്ടീവ് ഓഫിസർ എ.എൻ ദിനേശ് കുമാറിനെ ഉപരോധിച്ചു. അതേസമയം ക്ഷേത്രത്തിൽ കാണാതായ സ്വർണത്തിൽ 80 ശതമാനവും വിനോദൻ തിരികെ എത്തിച്ചെന്നും അവശേഷിക്കുന്നവ ഉടൻ എത്തിക്കുമെന്നും പറഞ്ഞതിനാലാണ് നേരത്തെ പരാതി നൽകാതിരുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ദിനേശ്കുമാർ അറിയിച്ചു.
അതിനിടെ മുക്കം നീലേശ്വരം കുന്നത്തുപറമ്പ് ശിവ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം കാണാനില്ലെന്നും പരാതി ഉയർന്നു. നീലേശ്വരം ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികളുടെ ആദ്യഘട്ട പരിശോധന മാത്രമാണ് പൂർത്തിയായതെന്നാണ് സ്വർണം ശ്രീകോവിലിന് ഉള്ളിൽ സൂക്ഷിച്ചിരുന്ന മേൽശാന്തിയുടെ പ്രതികരണം. സമ്പത്തിക ക്രമക്കേടിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ നീലേശ്വരം കുന്നത്തുപറമ്പ് ശിവക്ഷേത്ര ഭരണ സമിതിയെ ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു.