Trending

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം; പ്രതി സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തു.


താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതി സനൂപിനെതിരെയാണ് താമരശ്ശേരി പോലീസ് വധശ്രമത്തിന് കേസെടുത്തത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറിയുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.

തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായാണ് താമരശ്ശേരി ആശുപത്രിയിൽ എത്തിയതെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും ഡിഎംഒ അറിയിച്ചു. ഡിഎംഒയ്ക്കൊപ്പം അഡീഷണൽ ഡിഎംഒയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.

തലയോട്ടിക്ക് പൊട്ടലുള്ള വിപിന് മൈനർ സർജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ്‌ ഡോക്ടറെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ഡോക്ടർ വിപിനെ ന്യൂറോ സർജറി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ത സമ്മർദ്ദം ഉൾപ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. സനൂപ് പോലീസ് കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post