കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം. അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജോലി സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ആയുധങ്ങളുമായി ആര്‍ക്കും ആശുപത്രിയില്‍ എത്താവുന്ന സ്ഥിതി. പ്രതിഷേധം തുടങ്ങുകയാണെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. അതേസമയം ഡോക്ടറെ ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അക്രമം അപലപീനയമാണെന്നും സംഭവത്തില്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിനാണ് വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റത്. മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. വടിവാള്‍ ഉപയോഗിച്ച് ഡോക്ടറുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ഇതിനു പിന്നാലെ മറ്റ് ആരോഗ്യ പ്രവർത്തകരും ആശുപത്രിയില്‍ ഉണ്ടായിരുന്നവരും സനൂപിനെ തടഞ്ഞുവെച്ച് ഉടൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.