തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. 1825 പോയിന്റുമായാണ് തിരുവനന്തപുരം ജില്ല മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സ്വന്തമാക്കിയത്. തൃശൂര്‍ (892), കണ്ണൂര്‍ (859) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത്.
ഗെയിംസ് ഇനങ്ങളില്‍ 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതെത്തി. 798 പോയിന്റുകള്‍ നേടിയ കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെയാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത്. രണ്ടാമതെത്തിയ തൃശൂർ 149 പോയിന്‍റുകളാണ് നേടിയത്. 247 പോയിന്‍റുകളോടെ അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറം ചാമ്പ്യൻമാരായി. 212 പോയിന്റുകളോടെ പാലക്കാടാണ് അത്ലറ്റിക്സിൽ രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ കായിക മേളയുടെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ച സ്വർണ കപ്പ്, ഇത്തവണ ജേതാക്കളിലേക്ക് എത്തുമ്പോൾ കലോത്സവത്തിനൊപ്പം കപ്പിൽ തുല്യതയൊരുക്കിയ മന്ത്രി വി.ശിവൻകുട്ടിക്ക് അഭിമാനിക്കാം. തിരുവനന്തപുരത്തുകാരൻ അഖിലേഷ് അശോകൻ രൂപകൽപ്പന ചെയ്ത കപ്പിന് മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സിന്‍റെ തങ്കത്തിൽ, അവരുടെ തന്നെ കരകൗശല വിദഗ്ധരാണ് നിർമ്മിച്ചത്. സമാപന സമ്മേളനത്തിൽ 117.5 പവൻ തൂക്കമുള്ള സ്വർണകപ്പ് ഗവർണർ ജേതാക്കൾക്ക് സമ്മാനിച്ചു.