മലപ്പുറം: പുത്തനത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ അധ്യാപകന്‍ വലിയ പീടിയേക്കൽ അഹമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ഈ വർഷം ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. പെരുവള്ളൂര്‍ പറമ്പില്‍പീടിക ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയാണ് റീഷ മന്‍സൂര്‍.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പുത്തനത്താണി- തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ചും ഭാര്യ റീഷ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.