മലപ്പുറം: തേഞ്ഞിപ്പാലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ വീട്ടമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. ചേളാരി ജി.ഡി.എസ്. ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്‌ദുള്ളയുടെ മകൻ ആദിൽ ആരിഫാൻ (29) ആണ് വിദഗ്ധ ചികിത്സയ്ക്കിടെ മരിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 21ന് രാത്രി 11.45 ഓടെയായിരുന്നു അപകടം. വീടിന്റെ ഗേറ്റിലെത്തിയ ഉടൻ കാർ ഓഫാകുകയും, വീണ്ടും സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തതിന് പിന്നാലെ എൻജിന്റെ ഭാഗത്തുനിന്ന് തീയും പുകയും പടരുകയുമായിരുന്നു. കാറിൽ അകപ്പെട്ട ആദിൽ ഒരുവിധം വാതിൽ തുറന്ന് പുറത്തുകടന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് തീയണച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ആദിലിനെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ ആദിലിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മാത്രം പഴക്കമുള്ള 16 ലക്ഷത്തിലധികം രൂപ വിലവരുന്ന കാർ പൂർണമായും കത്തിനശിച്ചു. ദുബായിൽ ബിസിനസ് നടത്തുന്ന ആദിൽ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. വൈകാതെ ദുബായിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
വിമാനമാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം ഇന്ന് രാത്രിയോടെ ചേളാരി ചെനക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: ഷംല. രണ്ടു മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.