Trending

സജിത കൊലക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി.


പാലക്കാട്‌: നെന്മാറ പോത്തുണ്ടി തിരുത്തന്പാടം ബോയൻ കോളനിയിലെ സജിതയെ(35) കൊലപ്പെടുത്തിയ പ്രതി ചെന്താമയ്ക്ക്‌ ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട്‌ സെഷൻസ്‌ കോടതിയുടേതാണ്‌ ശിക്ഷാ വിധി. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാൽ മതി. സജിതയുടെ മക്കൾക്ക്‌ നഷ്ടപരിഹാരം നൽകണം. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

പ്രതിയുടെ മാനസികനില ഭദ്രം. ഇയാൾ നന്നാകുമെന്ന്‌ പ്രതീക്ഷയിയില്ല. പരോൾ നൽകേണ്ട സാഹചര്യം വന്നാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ചെന്താമരയ്‌ക്ക്‌ വധശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സജിത വധത്തിനുമുമ്പ്‌ പ്രതിക്ക്‌ ക്രിമിനൽ പശ്ചാത്തലമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ അതിക്രമിച്ച്‌ കടക്കൽ, കൊലപാതകം, തെളിവ്‌ നശിപ്പിക്കൽ എന്നീ വകുപ്പുകളിൽ ചെന്താമര കുറ്റക്കാരനാണെന്ന്‌ ചൊവ്വാഴ്‌ച കോടതി വിധിച്ചിരുന്നു.

2019 ആഗസ്‌ത്‌ 31ന്‌ സജിതയെ അയൽവാസി ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊന്നു എന്നാണ്‌ പ്രോസിക്യൂഷൻ കേസ്‌. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണമായത്‌ സജിതയാണെന്ന് സംശയിച്ചാണ്‌ കൊലപാതകം. മൂന്നുമാസത്തിനകം അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചെന്താമര 2025 ജനുവരി 27ന്‌ സജിതയുടെ ഭർത്താവ്‌ സുധാകരൻ (55), സുധാകരന്റെ അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊന്നു. ഇ‍ൗ കേസിൽ അറസ്റ്റിലായ ഇയാൾ റിമാൻഡിലാണ്‌.

Post a Comment

Previous Post Next Post