കോഴിക്കോട്: കുറ്റ്യാടി ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ജില്ലയിലെ മേപ്പാടി കോട്ടത്തറ സ്വദേശി വയലില്‍ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വിജിത്തിൻ്റെ കുറ്റ്യാടി കൈവേലിക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് യുവതിയെ വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടനെ പ്രിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരിച്ച പ്രിയയും ഭർത്താവ് വിജിനും 4 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഭൂവിചന്ദ്രയെന്ന് പേരുള്ള മകളുണ്ട്. വിവരം അറിഞ്ഞ് കുറ്റ്യാടി പോലീസ് ആശുപത്രിയിലെത്തി. പിന്നീട് വടകര തഹസില്‍ദാറും സ്ഥലത്തെത്തി. ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പ്രിയയുടെ മരണത്തില്‍ ദരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്