കക്കയം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ജലവൈദ്യുതി ഉൽപാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം ഡാം സൈറ്റിലേയ്ക്കുള്ള റോഡരികിൽ മലയിടിച്ചിലിൽ ഒഴുകിയെത്തിയ പാറക്കൂട്ടം നീക്കാത്തത് ഗതാഗത പ്രശ്നമാകുന്നു. കഴിഞ്ഞ ദിവസം കനത്ത മഴയിൽ കക്കയം വ്യൂ പോയിന്റിൽ നിന്നും കക്കയം വാലിക്കു സമീപത്തേക്ക് കല്ലും മണ്ണും ഒലിച്ച് എത്തുകയായിരുന്നു. ടാറിങ് പാതയോരത്ത് പതിച്ച കല്ലുകൾ നീക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുക്കാത്തതാണു പ്രശ്നം.
പാതയോരത്ത് പാറക്കൂട്ടം ഉള്ളതിനാൽ വലിയ വാഹനങ്ങൾ സഞ്ചരിക്കാനും, സൈഡ് നൽകുന്നതിനും തടസ്സം നേരിടുന്നുണ്ട്. ടൂറിസ്റ്റുകളുടെ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റൂട്ടാണിത്. പാറ നീക്കാത്തതിനാൽ ശക്തമായ മഴയത്ത് ടാറിങ് റോഡിലൂടെ വെള്ളം കുത്തിയൊഴുകാൻ കാരണമാകും. ഓവുചാൽ നിർമ്മിക്കാത്തതിനാൽ മഴവെള്ളത്തിൽ റോഡരിക് ഇടിയുമെന്നും ആശങ്ക ഉയരുന്നുണ്ട്.
റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ അധികൃതർ സ്ഥിരമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പിലാക്കാത്തതാണ് വിനയാകുന്നത്. ശക്തമായ മഴയത്ത് അപായ സാധ്യത ഒഴിവാക്കാൻ പാറക്കൂട്ടം അടിയന്തരമായി റോഡരികിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്.