Trending

പാമ്പ് കയറിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വീടിന് പുറത്തേക്കിറങ്ങിയ വയോധികയുടെ മാല പൊട്ടിച്ച് യുവാവ്.


കോതമംഗലം: പറമ്പിൽ പാമ്പ് കയറിയെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് എൺപതുകാരിയുടെ ഒന്നര പവന്റെ സ്വർണ്ണമാല കവർന്നു. കോതമംഗലം പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ മാലയാണ് യുവാവ് തട്ടിയെടുത്തത്. വൈകീട്ട് അഞ്ചുമണിയോടെയാണ് പാമ്പ് കയറിയെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഏലിയാമ്മയുടെ വീട്ടിലെത്തിയത്. വീടിന് പുറകിലുള്ള പറമ്പിലേക്ക് യുവാവ് കൈചൂണ്ടിക്കാണിച്ചതോടെ, ഏലിയാമ്മ പാമ്പിനെ തിരയാനായി അങ്ങോട്ട് നടന്നു. ഈ സമയം ഏലിയാമ്മയുടെ ശ്രദ്ധ പാമ്പിനെ തിരയുന്നതിനിടയിലായപ്പോൾ, കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓടുന്നതിനിടെ കൈയിൽ നിന്ന് മാല താഴെ വീണെങ്കിലും, യുവാവ് നിലത്തു നിന്ന് അതെടുത്ത് വീണ്ടും ഓടുന്നതും ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നിലത്തുവീണ ഏലിയാമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലയുമായി രക്ഷപ്പെടാൻ മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Post a Comment

Previous Post Next Post