ഗാസ: ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യഘട്ടത്തിന് ധാരണയിലെത്തി ഇസ്രയേലും ഹമാസും. ഗാസയിൽ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേൽ സേനയുടെ പിന്മാറ്റവുമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ധാരണയിൽ ഏതാനും പലസ്തീൻ തടവുകാരെയും വിട്ടയ്ക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്ചയോടെ വിട്ടയയ്ക്കുമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. എന്നാൽ ഹമാസ് ആയുധം ഉപേക്ഷിച്ചതിന് പിന്നാലെയുള്ള ഗാസയിലെ ഭരണപരമായ കാര്യങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് ട്രംപ് വിശദമാക്കിയില്ല.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് സഹമന്ത്രിമാരെ ഇക്കാര്യത്തിൽ ധാരണയിലെത്തിക്കും എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ക്യാബിനറ്റ് അനുമതി ലഭിച്ചാൽ മാത്രമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യഘട്ടം നടപ്പിലാവുക. ഇതിനായി ക്യാബിനറ്റിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹു. ഗാസയിലും ഇസ്രയേലിലും ആഘോഷത്തോടെയാണ് വെടിനിർത്തൽ ധാരണയെ സ്വീകരിച്ചതെങ്കിലും മേഖലയിൽ സമഗ്രമായ ഒരു സമാധാന കരാർ ഇപ്പോഴും യാഥാർത്ഥ്യമായേക്കില്ലെന്ന ആശങ്കയാണ് ഇരുപക്ഷത്തേയും ആളുകൾ പങ്കുവെക്കുന്നത്.
അതേ സമയം ഗാസയിൽ രണ്ടു വർഷമായി തുടരുന്ന അശാന്തി അവസാനിപ്പിക്കാനുള്ള ശ്രമത്തിന് ലോക നേതാക്കൾ ഇരുകൈകളും നീട്ടിയാണ് സ്വാഗതം ചെയ്തത്. കരാറിലേക്ക് ഇസ്രയേൽ ഹമാസ് നേതൃത്വത്തെ എത്തിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രത്യേകം നന്ദി പ്രകടിപ്പിച്ചാണ് തുർക്കി പ്രധാനമന്ത്രി ത്വയ്യിബ് എർദ്ദോഗൻ എക്സിലൂടെ പ്രതികരിച്ചത്. പലസ്തീൻ പൂർണമായ രീതിയിൽ സ്ഥാപിതമാവുന്നതിനുള്ള പ്രയത്നങ്ങളിൽ ഒപ്പമുണ്ടാവുമെന്നാണ് തയ്യിബ് എർദ്ദോഗൻ്റെ പ്രതികരണം.
രണ്ടു വർഷം നീണ്ട് ചിന്തിക്കാവുന്നതിലും അപ്പുറമായ കഷ്ടപ്പാടിന് വിരാമം ത്തകുന്നത് അശ്വാസമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വിശദമാക്കിയത്. വളരെയധികം ആശ്വാസം നൽകുന്നതാണ് ഈ നിമിഷമെന്നും പ്രത്യേകിച്ച് ബന്ദികൾ ആക്കപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും ഗാസയിലെ സാധാരണക്കാർക്കുമെന്ന് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു.
ഖത്തറിനും ഡൊണാൾഡ് ട്രംപിനും നന്ദി പറഞ്ഞാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രതികരണം. ട്രംപിന്റെ നേതൃത്വത്തിനും ഖത്തറിനും ഈജിപ്തിനും തുർക്കിക്കും നിരന്തരമായ പരിശ്രമത്തിന് മാർക്ക് കാർണി നന്ദി രേഖപ്പെടുത്തി. ബന്ദികളാപ്പെട്ടവർ അവരുടെ കുടുംബത്തോടപ്പം ചേരുന്നമെന്നതിൽ അതീവ ആശ്വാസമെന്നും കാനഡ പ്രധാനമന്ത്രി പ്രതികരിച്ചു.
ബന്ദികളുടെ മോചനവും മാനുഷിക സഹായങ്ങൾ വേഗത്തിലാക്കുന്നതും ദീർഘകാലത്തേക്കുള്ള സമാധനത്തിലേക്ക് എത്തിക്കുമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് അവസാനം നൽകുന്നതാണ് ധാരണയെന്നാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരിഫ് പ്രതികരിച്ചത്.