തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയുടെ നിർമ്മാണത്തിനുള്ള താൽക്കാലിക പാലം പ്രവൃത്തി ആരംഭിച്ചു. തുരങ്ക നിർമ്മാണത്തിന്റെ പ്രാരംഭ പ്രവൃത്തി എന്ന നിലയിലാണ് പാലം പണി തുടങ്ങിയത്. മറിപ്പുഴയ്ക്കു കുറുകെ നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ അനുബന്ധ റോഡ് നിർമ്മാണം ഒരാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. പുഴയിലെ കൂറ്റൻ കല്ലുകൾ ഒരു ഭാഗത്തേക്ക് മാറ്റി താൽക്കാലിക പാലത്തിനുള്ള കൂറ്റൻ പൈപ്പുകൾ പുഴയിൽ സ്ഥാപിക്കാനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. ഈ പാലം നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ തുരങ്ക നിർമ്മാണത്തിനുള്ള കൂറ്റൻ യന്ത്രങ്ങൾ തുരങ്ക മുഖത്തേക്ക് എത്തിക്കാൻ സാധിക്കൂ. കഴിഞ്ഞ മാസം മേപ്പാടി ഭാഗത്തുള്ള പ്രവൃത്തി ആരംഭിച്ചിരുന്നു.
വയനാട്ടിൽ മേപ്പാടി -കള്ളാടി-ചൂരൽമല റോഡ് കോഴിക്കോട് ജില്ലയിൽ മറിപ്പുഴ, മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡ് എന്നിവയുമായി ബന്ധിപ്പിച്ചാണ് തുരങ്ക നിർമ്മാണം നടത്തുക. പിന്നീട് തുരങ്ക പാതയ്ക്ക് വേണ്ടി തുരങ്ക മുഖത്ത് നിന്ന് കോഴിക്കോട് ജില്ലയിൽ പ്രത്യേക റോഡ് നിർമ്മിക്കും. തുരങ്കപ്പാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞി പുഴയിൽ നാലുവരി ആർച്ച് സ്റ്റീൽ പാലമാണ് നിർമ്മിക്കുന്നത്. ഇതിന്റെ ടെൻഡർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിയാണ് ഏറ്റെടുത്തത്. 73.86 കോടി രൂപയ്ക്കാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടെൻഡർ കമ്പനി കരസ്ഥമാക്കിയത്. പാലം നിർമ്മാണത്തിനുള്ള മറ്റ് സാമഗ്രികൾ ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.