ദുബൈ: ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പ്രവാസി ദമ്പതികളായ ആലപ്പുഴ മാവേലിക്കര സ്വദേശി വി.ജി കൃഷ്ണകുമാറിൻ്റെയും വിദു കൃഷ്ണകുമാറിൻ്റെയും മകൻ വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബൈ ഇന്റർനാഷനൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിബിഎ മാർക്കറ്റിങ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് വൈഷ്ണവ്. പഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു. ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്‌കൂളിലായിരുന്നു വൈഷ്ണവിൻ്റെ പന്ത്രണ്ടാം ക്ലാസ് പഠനം. മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്.