തിരുവനന്തപുരം: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പോലീസെത്തി വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. അറ്റിങ്ങൽ വീരളം സ്വദേശി വിനീഷ് ആണ് പോലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച രാത്രി മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന സിഎസ്ഐ സ്കൂളിലാണ് വിനീഷ് മോഷ്ടിക്കാൻ കയറിയത്.
സ്കൂളിലെ ക്യാഷ് കൗണ്ടറിന്‍റെ പൂട്ട് ഇയാൾ അടിച്ച് തകർത്തു. പാലിയേറ്റീവ് സംഭാവന ബോക്സുകൾ പൊളിച്ച് പണം എടുത്തു. തുടർന്ന് സ്കൂളിലെ ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇയാൾ മോഷണ മൊതലുകൾ തന്‍റെ സമീപത്തുവെച്ച് മദ്യപിച്ച് ഇവിടെ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.
പിറ്റേന്ന് പ്രധാനാധ്യാപികയും മറ്റുള്ളവരും എത്തി സ്കൂൾ തുറന്നപ്പോഴാണ് തൊണ്ടിമുതലുകൾ സമീപത്ത് വെച്ച് ഉറങ്ങുന്ന കള്ളനെ കണ്ടത്. ഉടൻ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു. ഉടൻ ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി. കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.