നടുവണ്ണൂർ: പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതിനെ തുടർന്ന് പതിമൂന്നുകാരൻ മാനസികനില തെറ്റി ആശുപത്രിയിൽ. പഠനത്തിലും മത്സരപരീക്ഷകളിലും മികവുപുലർത്തിയിരുന്ന കുട്ടിക്ക് ഈ വർഷം സ്കൂളിൽ പോകാൻപോലും കഴിഞ്ഞിട്ടില്ല. പലതവണ ആത്മഹത്യാശ്രമം നടത്തി. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ചികിത്സാ കേന്ദ്രത്തിലാണ് കുട്ടിയുള്ളത്. സാധാരണമല്ലാത്ത പെരുമാറ്റവും അകാരണമായി വെറുപ്പ് പ്രകടിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.
സൈക്യാട്രി വിഭാഗത്തിൽ നടത്തിയ കൗൺസിലിങ്ങിലാണ് പ്രകൃതിവിരുദ്ധ പീഡനം പുറത്തറിഞ്ഞത്. ഈ വർഷം പലതവണ കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രതിനിധികൾ വിവരം പോലീസിന് കൈമാറിയതിനെ തുടർന്ന് സെപ്റ്റംബർ 17ന് പേരാമ്പ്ര പോലീസ് പോക്സോകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടുവണ്ണൂർ എലങ്കമൽ നാറാണത്ത് ആലിക്കുട്ടി (65) യുടെ പേരിലാണ് കേസ്. ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. പ്രതിക്കായി അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.