Trending

വരുന്നു..മോന്ത ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കാലവർഷത്തിന് സമാനമായ മഴയ്ക്ക് സാധ്യത.


തിരുവനന്തപുരം: മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മദ്ധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. മദ്ധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കർണാടക-വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദ്ദവുമായി ചേർന്നു.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മദ്ധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മദ്ധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും, ഒക്ടോബർ 26-നകം തീവ്രന്യൂനമർദ്ദമായും, തുടർന്ന് ഒക്ടോബർ 27ന് രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മദ്ധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ തായ്ലാൻഡ് നിർദ്ദേശിച്ച ‘മോന്ത’ (MON-THA) എന്ന പേരിലായിരിക്കും അറിയപ്പെടുക.

നിലവിലെ അറബികടൽ ന്യൂനമർദ്ദത്തിന്റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും സ്വാധീന ഫലമായി തുലാവർഷ മഴക്ക് പകരം താൽക്കാലികമായി കാലവർഷത്തിന് സമാനമായ മഴ കൂടിയും കുറഞ്ഞും തുടർന്നേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post