Trending

മെസ്സിയും അർജൻ്റീനിയൻ ടീമും നവംബറില്‍ കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍.


കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്കില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങിയ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

നവംബറില്‍ അംഗോളയില്‍ മാത്രമാണ് ടീം കളിക്കുന്നതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പോണ്‍സര്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്. നവംബര്‍ 17ന് ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നത്.

ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസമാണ് നവംബറിൽ നടക്കേണ്ട കളി മാറ്റി വയ്ക്കാന്‍ കാരണമെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍, അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കാമെന്ന ധാരണയില്‍ എത്തിയിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ പറയുന്നു.

മത്സരത്തിനായി കേരളത്തിലെ വേദി സജജമായിട്ടില്ലെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് നവംബറിലെ സൗഹൃദപ്പോര് മാറ്റിവയ്ക്കുന്നതെന്നാണ് സൂചനകള്‍. അതേസമയം മാര്‍ച്ചില്‍ മെസ്സിയും അര്‍ജന്റീന ടീമും വരുമെന്നും സ്‌പോണ്‍സര്‍ വിശദീകരിക്കുന്നുണ്ട്.

2011 സെപ്റ്റംബറിലാണ് ഇതിന് മുമ്പ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലെത്തി സൗഹൃദ മത്സരം കളിച്ചത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. അര്‍ജന്റീന നായകനായി മെസ്സിയുടെ അരങ്ങേറ്റ മത്സരവുമായിരുന്നു അത്.

Post a Comment

Previous Post Next Post