ബാലുശ്ശേരി: ബാലുശ്ശേരിയിൽ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. ഗർഭിണിയാക്കിയ പ്രതി അപകടത്തിൽ മരിച്ചെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി സത്യമല്ലെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയെ ഒന്നിൽ കൂടുതൽ പേർ പീഡിപ്പിച്ചതായാണു സൂചന. മൂന്ന് ആഴ്ച മുമ്പാണ് പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ചത്. പീഡിപ്പിച്ച യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും പിന്നീട് ഇയാൾ കോയമ്പത്തൂരിൽ അപകടത്തിൽ മരിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ പെൺകുട്ടി നുണ പറയുകയാണോ എന്ന സംശയത്തിൽ പോലീസ് കൂടുതൽ അന്വേഷിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
പാലക്കാട് സ്വദേശികളായ പെൺകുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വാടക നൽകാത്തതിനാൽ വീട് ഒഴിയേണ്ടിവന്നു. അതിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജ് അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. പ്രസവശേഷം അതിജീവിത നവജാത ശിശുവുമായി യാത്ര ചെയ്യുന്നത് കണ്ട് സാമൂഹിക പ്രവർത്തകൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും കുടുംബം നിരസിച്ചു. പിന്നീട് പെൺകുട്ടിയേയും കുഞ്ഞിനെയും ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.