Trending

ആറ്റിങ്ങലിൽ ലോഡ്ജിൽ വടകര സ്വദേശിയായ യുവതി കൊല്ലപ്പെട്ട സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്.


തിരുവനന്തപുരം: യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര സ്വദേശി അസ്മിന (38) യായിരുന്നു കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജ് (30) ആയിരുന്നു യുവതിയെ ഇവിടെ എത്തിച്ചിരുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിൽ ജോബിയെക്കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

കായംകുളത്തെ ഹോട്ടലിൽ വച്ചാണ് അസ്മിനയും ജോബിയും പരിചയപ്പെട്ടത്. അവിടെ പാചകക്കാരിയായിരുന്നു യുവതി, ജോബി റിസപ്ഷനിസ്റ്റും. പരിചയം പ്രണയത്തിലെത്തി. റോയിയും അസ്‌മിനയും കായംകുളം, മാവേലിക്കര ഭാഗങ്ങളിൽ ഒന്നിച്ചുതാമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ജോബി ആറ്റിങ്ങലിലെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിരുന്നില്ല. ഇതിനിടയിൽ ഭാര്യയാണെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി യുവതിയെ ലോഡ്ജിലെത്തിച്ചു. അസ്മിനയെ മുറിയിലാക്കിയ ശേഷം ജോബി സഹപ്രവർത്തകർക്കൊപ്പം റിസപ്ഷനിലെത്തിയിരുന്നു. 

രാത്രി ഒന്നരയോടെയാണ് ഇയാൾ മുറിയിലേക്ക് പോയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രാവിലെ ഇരുവരെയും കാണാതായതോടെ ജീവനക്കാർ വാതിലിൽ മുട്ടി. തുറക്കാതായതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയ്യിലും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്നും വസ്ത്രത്തിലും ചുമരിലും തറയിലും കട്ടിലിലും രക്തം പുരണ്ടിട്ടുള്ളതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ നാലരയോടെ ജോബി ലോഡ്ജിൽ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post