തൃശ്ശൂർ: തൃശൂരിൽ കളിക്കുന്നതിനിടെ പേനയുടെ അടപ്പ് വിഴുങ്ങി നാലു വയസ്സുകാരൻ മരിച്ചു. എരുമപ്പെട്ടി ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവില 9 മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോൾത്തന്നെ മരത്തംകോട് ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് അസ്വസ്ഥതകള്‍ ഗുരുതരമാകുകയും കുട്ടി മരണപ്പെടുകയുമായിരുന്നു.
കുഞ്ഞിന്റെ തൊണ്ടയില്‍ അടപ്പ് പോലൊരു വസ്തു കുരുങ്ങിയതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞിന്റെ തൊണ്ടയിൽ പേനയുടെ അടപ്പ് കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. കുട്ടി അടപ്പ് വിഴുങ്ങിയതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുട്ടി ഇത് വീട്ടുകാരോട് പറഞ്ഞതുമില്ല. പിന്നീട് വീട്ടുകാര്‍ കുട്ടിയ്ക്ക് ഭക്ഷണം നല്‍കുകയും കുട്ടിയുടെ ആരോഗ്യനില വഷളാകുകയുമായിരുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.