കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലില്‍ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോബി ജോര്‍ജ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ഇന്ന് രാവിലെയാണ് ജോബി ജോര്‍ജ് പിടിയിലായത്. വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയില്‍ അസ്മിനയാണ് (38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ടൗൺ എസ്ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോബി ജോർജിനെ പിടികൂടിയത്.
ജോബി ജോർജ് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് എസ്ഐയും സംഘവും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിരീക്ഷണം നടത്തവേയാണ് ജോബി ജോർജിനെ കണ്ടെത്തിയത്. അസ്മിന മരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നാാണ് ജോബി ജോർജ് പോലീസിനോട് പറഞ്ഞത്. ഇടതു കയ്യിൽ നീളത്തിൽ ആഴമുള്ള മുറിവുണ്ട്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 6 തുന്നലിട്ടു. അസ്മിന തന്നെ വെട്ടിയെന്നു ജോബി ജോർജ് പോലീസിനോടു പറഞ്ഞു. ആറ്റിങ്ങൽ പോലീസെത്തി ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
ലോഡ്ജിലെ റിസപ്ഷനിസ്റ്റ് കൂടിയായ ജോബി ജോര്‍ജ് ആസ്മിനയ്‌ക്കൊപ്പം താമസിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ജോബി ജോര്‍ജ് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. കായംകുളത്ത് എത്തി തിരച്ചിൽ നടത്തിയപ്പോഴാണു മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായി മനസ്സിലാക്കിയത്. തുടർന്ന് മൊബൈൽ ഫോൺ പിന്തുടർന്ന് ജോബി ജോർജ് നിൽക്കുന്ന സ്ഥലം പോലീസ് കണ്ടെത്തുകയായിരുന്നു.