തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി പോകുമ്പോൾ കെഎസ്ആര്‍ടിസി ബസ്സിൽ യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സ തേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസ്സുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
റേഡിയേഷന്‍, കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും. യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്താല്‍ ഇതിനുള്ള പാസ് അനുവദിക്കും. നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ ഈ സൗകര്യം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളിലേക്കും വ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം സിറ്റി ബസ്സുകളിലും ഓര്‍ഡിനറി ബസ്സുകളിലും ആര്‍സിസി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായിരുന്നു 2012-ലെ ഉത്തരവ് പ്രകാരം ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ ഉടനീളം സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള ബസ്സുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.