Trending

തളിപ്പറമ്പിൽ വൻ തീപിടിത്തം: 10 കടകൾ കത്തിയമർന്നു; 50ഓളം കടകളിലേക്ക് തീ പടർന്നു, അണയ്ക്കാനുള്ള ശ്രമം തുടരുന്നു.


കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപ്പന കടയിൽ വൈകീട്ട് അഞ്ചോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തീ സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. ആളപായമൊന്നം റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു കോംപ്ലക്സുകളിലെ അൻ‌പതോളം സ്ഥാപനങ്ങളിലേക്ക് തീ പടർന്നതായി വ്യാപാരികൾ പറഞ്ഞു. 

തീപിടിത്തമുണ്ടായ കട‌യ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ കടകളിലേക്കും തീ പടർന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായത്. കോംപ്ലക്സിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടർന്നോയെന്ന് വ്യക്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. 

എട്ട് ഫയർഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. തീ ഒരുപരിധിവരെ നിയന്ത്രണവിധേയമാക്കാനായെന്നും ആദ്യം തീപിടിച്ച കടകളാണ് പൂർണമായും കത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീപിടിച്ച് അരമണിക്കൂറിലേറെ കഴിഞ്ഞാണ് തളിപ്പറമ്പ് ഫയർഫോഴ്സ് പോലും സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post