അസ്ഥികൾ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കാൽസ്യം. പ്രാഥമിക ധർമ്മം എല്ലുകൾക്കും പല്ലുകൾക്കും ഘടനാപരമായ പിന്തുണ നൽകുക എന്നതാണെങ്കിൽ കൂടിയും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ കാൽസ്യം ഒരു അടിസ്ഥാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ ആവശ്യത്തിന് കാൽസ്യം ഇല്ലെങ്കിൽ, അത് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ദീർഘകാലം കാൽസ്യം കുറവ് നിലനിന്നാൽ അസ്ഥികൾ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസ് (Osteoporosis) പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. സ്ത്രീകളിലെ കാൽസ്യം കുറവിന്റെ പ്രധാന ലക്ഷണങ്ങൾ പേശിവലിവ്, നഖങ്ങൾ എളുപ്പത്തിൽ പൊട്ടുന്നത്, അസ്ഥികൾക്ക് ബലക്ഷയം, പല്ലുകൾക്ക് കേടുപാടുകൾ, ക്ഷീണം, കൈകളിലും കാലുകളിലും മരവിപ്പ് എന്നിവയാണ്.
1. പേശീവലിവ് അല്ലെങ്കിൽ സ്പാസ്മുകൾ-
പേശികളുടെ പ്രവർത്തനത്തിന് കാൽസ്യം അത്യന്താപേക്ഷിതമാണ്. കാൽസ്യം കുറയുമ്പോൾ പേശിവലിവ് ഉണ്ടാകാം.
2. നഖങ്ങളുടെ പ്രശ്നങ്ങൾ-
നഖങ്ങൾ ദുർബലമാകുകയോ എളുപ്പത്തിൽ പൊട്ടിപ്പോകുകയോ ചെയ്യാം.
3. അസ്ഥികളുടെ പ്രശ്നങ്ങൾ-
അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കാം, ഇത് എളുപ്പത്തിൽ ഒടിവുകൾക്ക് കാരണമാകും. ദീർഘകാലയളവിൽ ഓസ്റ്റിയോപൊറോസിസിലേക്ക് ഇത് നയിച്ചേക്കാം.
4. പല്ലുകളുടെ പ്രശ്നങ്ങൾ-
പല്ലുകൾ കേടാകാനും വേരുകൾ ദുർബലമാകാനും സാധ്യതയുണ്ട്. മോണരോഗങ്ങളും ഉണ്ടാകാം.
5. ക്ഷീണവും ഏകാഗ്രതക്കുറവും-
കടുത്ത ക്ഷീണം, തലകറക്കം, ആശയക്കുഴപ്പം എന്നിവ അനുഭവപ്പെടാം.
6. കൈകളിലും കാലുകളിലും മരവിപ്പ്-
കാൽസ്യം കുറയുന്നത് നാഡികളെ ബാധിക്കുകയും കൈകളിലും കാലുകളിലും ഇക്കിളി അല്ലെങ്കിൽ മരവിപ്പ് ഉണ്ടാക്കുകയും ചെയ്യാം.
ശരീരത്തിലെ കാൽസ്യത്തിൻ്റെ തോത് കുറയുന്നത് പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS) ലക്ഷണങ്ങളെ കൂടുതൽ വഷളാക്കാം. കാല്‍സ്യക്കുറവ് പരിഹരിക്കാനായി ഭക്ഷണങ്ങളില്‍ ചീര, കാബേജ്, ബദാം, ചിയാസീഡ്‌സ്, എള്ള്, പാല്‍, ബദാം, സോയ, ഓട്ട്‌സ്, സാല്‍മണ്‍, അയല, മത്തി എന്നിവയെല്ലാം ഉൾപ്പെടുത്താം.