Trending

വ്യാജ ഇ-മെയിലുകൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെ ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്.


ന്യൂഡൽഹി: വഞ്ചനാപരമായ മെയിലുകൾക്കും ഔദ്യോഗിക പോർട്ടലായി ആൾമാറാട്ടം നടത്തുന്ന വ്യാജ വെബ്‌സൈറ്റുകൾക്കുമെതിരെ പൊതുജനങ്ങൾക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. നികുതി റീഫണ്ട് വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ ഇ-മെയിലുകളെയും ഇ-പാൻ കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കാൻ വകുപ്പ് നികുതിദായകരോട് അഭ്യർത്ഥിച്ചു. സമൂഹ മാധ്യമമായ ‘എക്സി’ൽ ആണ് മുന്നറിയിപ്പു നൽകിയത്. പിൻ നമ്പറുകൾ, പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയ പോലുള്ള വ്യക്തിഗത വിവരങ്ങൾ ഇ-മെയിൽ വഴി ഒരിക്കലും പൊതുജനങ്ങളിൽ നിന്ന് തങ്ങൾ ആവശ്യപ്പെടാറില്ലെന്നും വകുപ്പ് വ്യക്തമാക്കി.

സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിശാലമായ ‘ഫിഷിങ്’ ശ്രമത്തിന്റെ ഭാഗമാണ് ഈ തട്ടിപ്പുകൾ. വിശ്വസനീയമായ സ്ഥാപനമായി വേഷം മാറി ഉപയോക്താക്കളെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ കബളിപ്പിക്കുന്നതാണ് ‘ഫിഷിങ്’. അത്തരം ഇ-മെയിലുകൾ പലപ്പോഴും നിയമാനുസൃതമെന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് സ്വീകർത്താക്കളെ നയിക്കുകയും വ്യക്തിഗത ഡാറ്റ നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യും. പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുക, ‘സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡ്’ പോലുള്ള വരികൾ സമീപകാല വ്യാജ ഇ-മെയിലുകളിലുൾ​പ്പെടുന്നു. ഔദ്യോഗികമാണെന്ന് തോന്നിപ്പിക്കുന്ന ലോഗോകളോടു കൂടിയ ഇത്തരം മെസേജുകൾക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്സൈറ്റുകളിൽ എത്തിച്ചേരുമെന്നും കബളിപ്പിക്കപ്പെടുമെന്നുമാണ് മുന്നറിയിപ്പ്.

സംശയാസ്പദമായ ഇ-മെയിലുകൾ തുറക്കരുതെന്നും അവക്ക് മറുപടി അയക്കരുതെന്നും അവയിൽ ദുരുദ്ദേശത്തോടെയുള്ള കോഡുകൾ അടങ്ങിയിരിക്കാമെന്നും അത് കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളെ ബാധിക്കുമെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പു നൽകി. അപ്ഡേറ്റ് ചെയ്ത ആന്റി വൈറസ്, ആന്റി സ്പൈവെയർ, ഫയർവെൽ സോഫ്റ്റ്​വെർ എന്നിവ ഉപയോഗിച്ച് നികുതി ദായകർ തങ്ങളുടെ ഉപകരണങ്ങൾ സുരക്ഷിതമാക്കണമെന്നും പറഞ്ഞു. സംശയാസ്പദമായ ഇ-മെയ്കളോ വ്യാജ വെബ്സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ webmanager@incometax.gov.in അല്ലെങ്കിൽ incident@certt-in.org.in എന്നതിലേക്ക് ഫോർവേഡ് ചെയ്യണമെന്നും പൊതുജനങ്ങളോട് ആദായ നികുതി വകുപ്പ് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post