താമരശ്ശേരി: മൂന്ന് നോൺ സ്റ്റിക്ക് പാത്രങ്ങൾക്ക് 600 രൂപ. കേൾക്കുമ്പോൾ വൻ ലാഭം, എന്നാൽ ഇത് വൻ തട്ടിപ്പാണ്. മലയോര മേഖലയിൽ ഇതര സംസ്ഥാനക്കാരാണ് പാത്രങ്ങൾ വിൽക്കാനായി വീടുകൾ തോറും കയറി ഇറങ്ങുന്നത്. കടയുടെ പേരും, ജിഎസ്ടി നമ്പറുമുള്ള ഇവർ നൽകുന്ന ബില്ല് വ്യാജമാണ്. വിലക്കുറവ് കണ്ട് പലരും പാത്രങ്ങൾ വാങ്ങി. എന്നാൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുമ്പോൾ ഇതിൻ്റെ കോട്ടിംങ്ങ് അടക്കം ഇളകിപ്പോകുന്നു, ഭക്ഷണത്തിൽ അലിഞ്ഞു ചേരുന്ന ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവാം.
വിൽപ്പനക്കാർ ജിഎസ്ടി നമ്പർ ചേർത്ത ഗ്യാരൻ്റി വാഗ്ദാനം ചെയ്ത ബില്ലാണ് നൽകുന്നത്. ബില്ലിൽ മുക്കം ബസ് സ്റ്റാൻ്റിന് സമീപം ഷാ സുമിത് ഹോം അപ്ലയൻസസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സ്ഥാപനത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ മുക്കത്ത് അങ്ങിനെയൊരു കടയില്ല. ബില്ലിൽ നൽകിയ ജിഎസ്ടി നമ്പറും വ്യാജം. പിന്നീട് നാട്ടുകാർ ഇവർക്കായി തിരച്ചിൽ നടത്തി. ഒടുക്കം ഇന്നലെ രാത്രിയിൽ ഒരു വാടക വീട്ടിൽ നിന്നും ഇവരെ കണ്ടെത്തിയപ്പോൾ സമീപിക്കുന്നവർക്ക് തുക തിരികെ നൽകാം എന്ന് ഉറപ്പ് നൽകി. സമീപിക്കുമ്പോൾ ഇവർ സ്ഥലത്ത് ഉണ്ടാവുമോ, അതോ സ്ഥലം വിടുമോ എന്നത് വേറെ കാര്യം.