ബാലുശ്ശേരി: ബാലുശ്ശേരിയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ പീഡനത്തിന് ഇരയാക്കിയ ആൾ മരിച്ചതായി പെൺകുട്ടിയുടെ മൊഴി. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പോലീസ് പോക്സോ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇരയെയും കുഞ്ഞിനെയും ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ പോലീസ് കത്ത് നൽകിയിരുന്നു. വാടക വീടൊഴിഞ്ഞ ഇരയുടെ കുടുംബം ഗുഡ്‌സ് ഓട്ടോയിലാണ് താമസിച്ചുപോന്നത്.
നവജാത ശിശുവുമായി ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറകിൽ തമിഴ്നാട് സ്വദേശിയായ യുവതിയും കുടുംബവും യാത്ര ചെയ്യുന്നതുകണ്ട് മനുഷ്യാവകകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഇടപെടുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തെങ്കിലും കുടുംബം നിരസിച്ചു. ടാക്സി വിളിച്ച് പോവാനുള്ള പണമില്ലെന്നും അതുകൊണ്ടാണ് ഗുഡ്സ് ഓട്ടോയിൽ പോവുന്നതെന്നും കുടുംബം പറഞ്ഞു.
വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. എന്നാൽ രണ്ടുദിവസത്തിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് കുഞ്ഞുമായി പോകാനിടമില്ലെന്നും കുടുംബം പറഞ്ഞു. ഗുഡ്സ് ഓട്ടോറിക്ഷയിൽ മഴയത്ത് കുഞ്ഞുമായി കുടുംബം യാത്ര ചെയ്തതോടെയാണ് മനുഷ്യാവകാശ പ്രവർത്തകർ ബാലുശ്ശേരി പോലീസുമായി ബന്ധപ്പെട്ടത്.