നടുവണ്ണൂർ: ബോക്സിങ് റിങ്ങിൽ തീ പാറുന്ന പോരാട്ടവുമായി കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്. നടുവണ്ണൂർ കുരുടിമുക്ക് അറ്റോമോ സ്പോർട്സ് സെന്‍റർ നടത്തിയ കിക്ക് ബോക്സിങ് മത്സരത്തിലാണ് ജില്ലാ കലക്ടർ പങ്കടുത്തത്. കേന്ദ്ര സർക്കാരിന്‍റെ നാശ മുക്ത് ഭാരത് അഭിയാന്‍റെ ഭാഗമായി ലഹരിക്കെതിരെ, ലഹരിയാകാം കായിക വിനോദങ്ങളോട് എന്ന ക്യാംപയിന്‍റെ ഭാഗമായാണ് കലക്ടർ റിങ്ങിൽ ഇറങ്ങിയത്.
ഇടിക്കൂട്ടിൽ ബോക്സിങ് ഗ്ലോസുമിട്ട് നല്ല ക്വിന്റൽ പഞ്ചുമായി നിറഞ്ഞുനിന്നത് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങായിരുന്നു. ഇടം കൈയ്യ് കൊണ്ടും വലം കൈയ്യ് കൊണ്ടും മാറി മാറിയുള്ള പഞ്ച്. കാസർകോട് സ്വദേശി ഇടിയൻ ബോക്‌സർ ശരത് രവി ആയിരുന്നു എതിരാളി. ‘ഒരു തവണ എങ്കിലും ഇടിക്കൂട്ടിൽ ഇതുപോലെ മത്സരിക്കണം എന്നത് ഒരു മോഹമായിരുന്നു. വ്യായാമവും ഭക്ഷണ ക്രമവും വഴി ശരീര ഭാരം കുറച്ചാണ് മത്സരിക്കാൻ ഇറങ്ങിയത്'- കലക്ടർ പറഞ്ഞു.
ഞായറാഴ്ച രാത്രി, നൂറുകണക്കിന് കാണികൾക്കു മുന്നിൽ, ഇടിക്കൂട്ടിൽ തീപ്പൊരി പാറിച്ച കലക്ടർ വിജയശ്രീലാളിതനായാണ് തിരിച്ചുകയറിയത്. റിങ്ങിൽ എതിരാളിയെ തലങ്ങും വിലങ്ങും അദ്ദേഹം ഇടിച്ചിട്ടു. ശരത് രവിയെ 4-3 സ്കോറിനാണ് കലക്ടർ തോൽപ്പിച്ചത്. ഒന്നര വർഷം മുൻപാണ് കോഴിക്കോട് ഫിറ്റ്നസ് തായി എന്ന സ്ഥാപനത്തിലെ പരിശീലകൻ തൗഫീർ അലിയിൽ നിന്നാണ് ബോക്സിങ് പരിശീലനം തുടങ്ങിയത്.