Trending

ഒടുവിൽ ആ ഭാ​ഗ്യവാനെ കണ്ടെത്തി; 25 കോടിയുടെ ഓണം ബംമ്പർ അടിച്ചത് ആലപ്പുഴക്കാരന്.


ആലപ്പുഴ: ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. 25 കോടി രൂപയുടെ തിരുവോണം ബംമ്പർ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് ബമ്പർ ലോട്ടറി അടിച്ചത്. 12 വർഷമായി നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടടുത്തുള്ള കടയിൽ നിന്നാണ് ലോട്ടറി എടുത്തത്. തുറവൂർ തൈക്കാട്ടുശ്ശേരി എസ്ബിഐ ശാഖയിൽ തിങ്കളാഴ്ച ഉച്ചയോടെ ടിക്കറ്റ് ഹാജരാക്കി.

ആദ്യമായാണ് ഓണം ബംമ്പർ എടുക്കുന്നതെന്ന് ശരത് മാധ്യമങ്ങളോട് പറഞ്ഞു. ഫലം കണ്ടപ്പോൾ ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. വീട്ടിൽ പോയിട്ടും പലതവണ നോക്കി ഉറപ്പുവരുത്തി. ഭാര്യയോടും സഹോദരനോടുമാണ് ആദ്യം കാര്യം പറഞ്ഞത്. പുറത്തുനടക്കുന്ന ചർച്ചകളൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും തിങ്കളാഴ്ച ബാങ്ക് തുറക്കുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ചു. സമ്മാനത്തുക എന്ത് ചെയ്യണം എന്നതിൽ പ്രത്യേകിച്ച് പ്ലാനൊന്നുമില്ല. വീട് വെച്ചതിന്റെ ഉൾപ്പെടെ കുറച്ച് ബാധ്യകളുണ്ട്. അതെല്ലാം തീർക്കണമെന്നും ശരത് പറഞ്ഞു.

TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വൈറ്റിലയിലെ ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽ നിന്നാണ് മരട്‌ നെട്ടൂർ ഐഎൻടിയുസി ജംങ്‌ഷനിലെ രോഹിണി ട്രേഡേഴ്‌സ്‌ ഉടമ ലതീഷ്‌ വിൽപ്പനയ്‌ക്ക്‌ ടിക്കറ്റ് വാങ്ങിയത്‌. രണ്ടുമാസം മുൻപ് ഒരുകോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.

തിരുവനന്തപുരം ഗോര്‍ക്കി ഭവനിൽ ശനിയാഴ്‌ചയായിരുന്നു നറുക്കെടുപ്പ്‌. തിരുവോണം ബമ്പറിന്റൈ 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിപിശക് സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെയുളളവ വിറ്റഴിച്ചു. പാലക്കാടാണ് കൂടുതല്‍ വിൽപ്പന നടന്നത്, 14,07,100 എണ്ണം. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ 9,37,400 ടിക്കറ്റും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ഉം ടിക്കറ്റും വിറ്റു.

Post a Comment

Previous Post Next Post