കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദുൽഖറിന്റെ ഹർജി നിലനിൽക്കില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. ദുൽഖർ ആദ്യം സമീപിക്കേണ്ടിയിരുന്നത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അന്വേഷണം നടക്കുകയല്ലേ എന്ന് കോടതി ചോദിച്ചു. അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.