Trending

വാട്‌സാപ്പില്‍ ട്രാഫിക് നിയമ ലംഘന സന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്ത 74കാരനും ഭാര്യയ്ക്കും നഷ്ടമായത് 10.54 ലക്ഷം..!!

കൊച്ചി: എം പരിവാഹന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് 74-കാരന്റെയും ഭാര്യയുടെയും പേരിലുള്ള 10.54 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം സൈബര്‍ തട്ടിപ്പ് സംഘം കൈക്കലാക്കി. ഇടപ്പള്ളി അഞ്ചുമന സ്വദേശി ടി.ആര്‍. അപ്പുക്കുട്ടന്‍ നായര്‍, ഭാര്യ ആശാദേവി എന്നിവരുടെ പണമാണ് നഷ്ടമായത്. സെപ്റ്റംബര്‍ 13-നാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയിലെ ഇരുവരുടെയും ജോയിൻ്റ് അക്കൗണ്ടില്‍ നിന്നാണ് പണം പോയത്. നിയമ ലംഘനത്തിന് പിഴ അടയ്ക്കണമെന്നു കാണിച്ച് പരാതിക്കാരനെ വാട്സാപ്പ് വഴിയാണ് സംഘം ബന്ധപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്സാപ്പില്‍ പങ്കു വെച്ച ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. എം പരിവാഹന്റെ പേരില്‍ വ്യാജ ചെലാന്‍ എപികെ (ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ്) ഫയലായി 74-കാരന്റെ മൊബൈല്‍ നമ്പരിലേക്ക് അയക്കുകയായിരുന്നു.

ഫോണിന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന എപികെ ലിങ്കില്‍ അറിയാതെ ക്ലിക്ക് ചെയ്തതോടെ പരാതിക്കാരന്റെ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈവശമെത്തി. ഇതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണില്‍ വരുന്ന ഒടിപിയും സംഘം മനസ്സിലാക്കി. തുടര്‍ന്ന് ഇടപ്പള്ളി സ്വദേശിയുടെയും ഭാര്യയുടെയും പേരില്‍ ബാങ്കിന്റെ മാമംഗലം ശാഖയിലുണ്ടായിരുന്ന സ്ഥിര നിക്ഷേപ അക്കൗണ്ട് ക്ലോസ് ചെയ്തു. ഇതിലെ പണം ഇതേ ബാങ്കില്‍ ഇരുവരുടെയും പേരിലുണ്ടായിരുന്ന സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. അതില്‍ നിന്ന് മൂന്നു ഇടപാടുകളിലൂടെ 8,99,999 രൂപയും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് 1, 55,000 രൂപയുമാണ് കൈക്കലാക്കിയത്.

പകുതി പണം പോയിരിക്കുന്നത് പരാതിക്കാരന് അക്കൗണ്ടുള്ള അതേ ബാങ്കിലെ മറ്റൊരു അക്കൗണ്ടിലേക്കാണ്. ബംഗാള്‍ സ്വദേശി ഇര്‍ഫാന്‍ ആലം എന്നയാളുടെ അക്കൗണ്ടാണ് ഇത്. ഇടപാട് വിവരങ്ങള്‍ ലഭ്യമാക്കാന്‍ പോലീസ് ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ട്. എം പരിവാഹന്റെ പേരില്‍ രാജ്യമാകെ സൈബര്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ മൂന്നുപേരെ കഴിഞ്ഞ ജൂലായിൽ കൊച്ചി സിറ്റി പോലീസ് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. യുപി സ്വദേശികളായ അതുല്‍കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

Previous Post Next Post