തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആറു മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 18 കിലോമീറ്റർ വർദ്ധിച്ച് മണിക്കൂറിൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാക്കിനടയ്ക്ക് അടുത്തുള്ള മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായിരിക്കും മോൻതാ കരയിൽ പ്രവേശിക്കുക. ആന്ധ്രാ തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും അതിന്റെ സ്വാധീനം തീരദേശത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് ഒക്ടോബർ 28, 29 തീയതികളിൽ തീരദേശ ആന്ധ്രാ റൂട്ടുകളിലൂടെയുള്ള 65-ൽ അധികം ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കി. ദുരന്ത നിവാരണ സേനയെ വിന്യസിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.