നരിക്കുനി: മടവൂർ സിഎം മഖാം റോഡിൽ തേങ്ങ വലിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. മുട്ടാഞ്ചേരി സ്വദേശി പറയരു കോട്ടയിൽ പരമേശ്വരൻ (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ സ്വകാര്യ സ്ഥലത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ വലിക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് കടന്നൽ കൂട് ഉണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചു. ദിവസേന നാട്ടുകാരും വിദ്യാർത്ഥികളും സഞ്ചരിക്കുന്ന സമീപമായതിനാൽ, ബന്ധപ്പെട്ട അധികാരികൾ പൊതുസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെട്ടു. കൂടാതെ, മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് ദുരിതാശ്വാസ നിധി വഴി അടിയന്തിര ധനസഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പരേതരായ പറയരുകോട്ടയിൽ അച്യുതൻ നായർ, ജാനകിയമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ബിന്ദു. മകൻ: അലൻ. സഹോദരങ്ങൾ: നളിനി, ഉഷ, ഷീല, ഷീബ, ജയഭാരതി, സതി, സിന്ധു.