ബാലുശ്ശേരി: പണം കൈയിൽ നൽകിയാൽ ഗൂഗിൾപേ വഴി തിരിച്ച് അയച്ച് നൽകാമെന്ന് പറഞ്ഞു തട്ടിപ്പ്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്. വീട്ടിൽ എത്തിയിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്. രണ്ടായിരം രൂപയാണ് യുവാവിന് നഷ്ടമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടംഗ സംഘമാണ് യുവാവില്‍ നിന്ന് പണം തട്ടിയത്. യുവാവുമായി സംസാരിച്ച് പരിചയപ്പെട്ടതിന് ശേഷമായിരുന്നു തട്ടിപ്പ്.
പണം നല്‍കാതെ ഗൂഗിള്‍ പേയില്‍ റിക്വസ്റ്റ് മാത്രം നൽകി തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നായിരുന്നു സംഭവം. താമരശ്ശേരി എടിഎമ്മിന് സമീപം വെച്ചാണ് തട്ടിപ്പ് നടന്നത്. എടിഎമ്മിന് സമീപം നിൽക്കുകയായിരുന്ന യുവാവിനെയാണ് രണ്ടംഗ സംഘങ്ങളിൽ ഒരാൾ സമീപിച്ചത്. തുടർന്ന് യുവാവ് കീശയിൽ നിന്ന് പണം എടുക്കുന്നതും യുവാവിന് നൽകുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ഇതിന് പിന്നാലെ തട്ടിപ്പ് സംഘം അവിടെ നിന്ന് പോകുകയാണ് ചെയ്തത്.
ഗൂഗിൾപേയിൽ റിക്വസ്റ്റ് മാത്രം ലഭിക്കുകയും പണം ലഭിക്കാതെ വരികയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായതായി യുവാവിന് മനസ്സിലായത്. തുടർന്ന് താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം നടത്തുകയാണ്. എടിഎമ്മിന് സമീപം ഇത്തരം സംഭവങ്ങൾ സാധാരണമായെന്നും പൊലീസ് പറഞ്ഞു.