നരിക്കുനി: വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി നടക്കുന്ന പുന്നശ്ശേരി-പരപ്പൻപൊയിൽ റോഡിൽ, കുട്ടമ്പൂരിൽ നിന്ന് മൂന്ന് നന്നങ്ങാടികൾ കണ്ടെത്തി. മണ്ണുമാന്തി യന്ത്രം തട്ടി മൂന്നും പൊട്ടിത്തകർന്നു പോയിരുന്നു. കരിങ്കൽ പാളികൊണ്ട് മൂടിയ നന്നങ്ങാടിയുടെ പകുതിഭാഗം മതിലിലെ മണ്ണിൽ പതിഞ്ഞു കിടയ്ക്കുന്നുണ്ട്. സമീപത്തായി മറ്റു രണ്ട് കുടങ്ങളുണ്ടായിരുന്ന സ്ഥാനവും കാണാം. പാതി പൊട്ടിക്കിടക്കുന്ന നന്നങ്ങാടിയിൽ നിന്ന് ചെറിയ കുടവും വാളിന്റെ തുരുമ്പിച്ച ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കുട്ടമ്പൂർ എയുപി സ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ നിന്നാണ് നന്നങ്ങാടികൾ ലഭിച്ചത്. റോഡിനായി പൊളിച്ചുനീക്കിയ കരിങ്കൽഭിത്തിയോടു ചേർന്നുള്ള മണ്ണിലാണ് ഇവയുണ്ടായിരുന്നത്. റോഡിൽ നിന്ന് ഒന്നരയാൾ പൊക്കം വരുന്നതാണ് സംരക്ഷണഭിത്തി. റോഡിൽ നിന്ന് ഒരടി ഉയരത്തിലാണ് നന്നങ്ങാടികൾ ഉണ്ടായിരുന്നത്. ഇവയുണ്ടായിരുന്ന സ്ഥാനം കുഴിഞ്ഞുകിടക്കുന്നതുമൂലം വലുപ്പം മനസ്സിലാക്കാൻ എളുപ്പമാണ്.
ഭിത്തിയിലെ മണ്ണിളക്കി നീക്കിയപ്പോൾ ആഴത്തിൽനിന്ന് പൊട്ടിയ മൺഭരണിയുടെ ഭാഗം കിട്ടിയതാണ് ശ്രദ്ധിക്കാനിടയായത്. അപ്പോഴേക്കും റോഡിനുവേണ്ട വീതിയിൽ മണ്ണ് മാറ്റിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാശിലാ സംസ്കാരത്തിന്റെ ചരിത്രശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന് ഏകദേശം 2500 വർഷം വരെ പഴക്കമുണ്ടെന്നും സംഭവസ്ഥലം സന്ദർശിച്ച കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജ് പറഞ്ഞു.
പൊട്ടിപ്പോയ നന്നങ്ങാടികൾക്ക് ഒരുമീറ്റർ ഉയരമുണ്ടാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച നന്നങ്ങാടികളെക്കുറിച്ചുള്ള ശാസ്ത്രീയപഠനത്തിൽ അവയ്ക്ക് 1500 മുതൽ 2500 വർഷം വരെ പഴക്കമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻപ് ഈ ഭാഗത്ത് ഗുഹാവശിഷ്ടവും നന്നങ്ങാടികളും കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനുവേണ്ടി പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്നവയാണ് നന്നങ്ങാടികൾ.