Trending

‘ആദ്യം പറഞ്ഞു ഭാര്യയെന്ന്, പിന്നെ സുഹൃത്തായി’; ആയിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.

കോഴിക്കോട്: എരഞ്ഞിപ്പാലം വാടകവീട്ടിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ബിഫാം വിദ്യാര്‍ത്ഥിയായ അത്തോളി സ്വദേശിനി ആയിഷ റഷ (21) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമികമായ വിലയിരുത്തൽ. എന്നാല്‍ ആയിഷ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കാനായി മംഗളൂരുവില്‍ നിന്ന് ഇവിടം വരെ വരണോയെന്നുമാണ് ബന്ധുക്കളുടെ ചോദ്യം. യുവതിക്കൊപ്പം താമസിച്ചിരുന്ന ബഷീറുദീനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

മംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനി എങ്ങനെയാണ് ഇവിടെ എത്തിയതെന്നതില്‍ കുടുംബത്തിന് യാതൊരു വ്യക്തതയുമില്ല. ഓഗസ്റ്റ് 24ന് ആയിഷ കോഴിക്കോട്ടേക്ക് വന്നെന്നാണ് ബന്ധു പറഞ്ഞത്. ആയിഷ റഷയെ ആണ്‍ സുഹൃത്ത് ചിരവകൊണ്ട് അടിച്ചതായി സുഹൃത്ത് പറഞ്ഞിരുന്നു. മരണത്തിന് പിന്നില്‍ അയാളാണെന്നും ബന്ധു ആരോപിക്കുന്നു. ആയിഷ മരിക്കുന്നതിന് കുറച്ചു മുമ്പ് തന്‍റെ ഭാര്യയ്ക്ക് മെസേജ് അയച്ചതായും ബന്ധു പറഞ്ഞു. പിന്നീട് നാലു മണിക്കൂറോളം ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവുമായിരുന്നു. കേസില്‍ കസ്റ്റഡിയിലായ ബഷീറുദീനെ തനിക്ക് അറിയില്ലെന്നും ബന്ധു പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു ആയിഷയുടെ മരണം. പത്തു മണിക്ക് ശേഷം ഒരു ബന്ധു വിളിച്ച് ആശുപത്രിയില്‍ ആയിഷയുണ്ട് ഒന്ന് പോകണം എന്ന് പറഞ്ഞു. അങ്ങനെയാണ് ആശുപത്രിയിലെത്തുന്നത് അപ്പോഴേക്കും മരിച്ചിരുന്നു. ബഷീറുദ്ദീൻ എന്നയാളാണ് ഇവിടെയെത്തിച്ചത്. ആശുപത്രിയില്‍ ആദ്യം ഭാര്യയെന്നാണ് ആണ്‍സുഹൃത്ത് പറഞ്ഞത്. പിന്നീട് സുഹൃത്തെന്ന് മാറ്റിപ്പറയുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് നടക്കാവ് പൊലീസിനെ വിവരം അറിയിക്കുന്നത്. അന്വേഷിച്ചപ്പോള്‍ യുവാവ് കയ്യിലുള്ള ഫോട്ടോകൾ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധു പറയുന്നു.

ഒരു കാരണവശാലും ഓണം അവധിക്ക് ഇവിടേക്കുവരേണ്ട ആവശ്യം അവള്‍ക്കില്ല. ഒരാഴ്ചയായിട്ട് കോഴിക്കോട് ഉണ്ടെന്ന് കേള്‍ക്കുന്നു. എന്നാല്‍ അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. അടിമുടി ദുരൂഹതയാണ് ഈ മരണത്തിലുള്ളത്. അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം വേണം, യഥാര്‍ത്ഥ കാരണം എന്തെന്ന് കണ്ടെത്തണമെന്നും ബന്ധു പറഞ്ഞു.

അതേസമയം പ്രതി ബഷീറുദ്ദീന്‍ ആശുപത്രിയില്‍ എത്തിയ സമയം പേര് മുബഷീര്‍ എന്നാണ് പറഞ്ഞതെന്നും സൂചനയുണ്ട്. മുബഷിറും വിദ്യാര്‍ത്ഥിനിയും ലിവിങ് റിലേഷനില്‍ ആയിരുന്നെന്നും കരുതുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടതായും വിവരമുണ്ട്. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനി ആഗ്രഹം പ്രകടിപ്പിച്ചതായും എന്നാല്‍ യുവാവ് അനുവദിച്ചില്ലെന്നുമാണ് ഒരു ആരോപണം. മരണം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസും പങ്കുവച്ചിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ലഹരി ഉപയോഗം അടക്കമുള്ള സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം എന്താണെന്നുള്ളത് വ്യക്തമാവുകയുള്ളൂ.

Post a Comment

Previous Post Next Post