കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റിൽ ജീവനക്കാരിക്കുനേരേ സഹപ്രവർത്തകൻ്റെ ലൈംഗികാതിക്രമം. കുറ്റാരോപിതന് അനുകൂലമായി സംഘടനാ നേതാക്കളിൽ ചിലർ രംഗത്തെത്തി. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ പേരിലാണ് വ്യാഴാഴ്ച പരിപാടി സംഘടിപ്പിച്ചത്. കലക്ടർ അടക്കം പങ്കെടുത്ത ഈ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നത്.
കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ ജീവനക്കാരിയെ വരാന്തയിൽ വെച്ച് അപമാനിക്കുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് അതിക്രമം നേരിട്ടത്. പകച്ചുപോയ യുവതി സഹപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് ഉടൻ എഡിഎമ്മിനെ നേരിൽക്കണ്ട് രേഖാമൂലം പരാതി നൽകി. സംഭവം പോലീസിൽ അറിയിക്കരുതെന്നും ഓഫീസിൽ വെച്ചുതന്നെ ഒത്തുതീർപ്പാക്കണമെന്നും സംഘടനയിലെ ചില നേതാക്കൾ ഓഫീസിലെത്തി എഡിഎമ്മിനോട് ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയ ശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലായിരുന്നു എഡിഎം. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിർദ്ദേശിച്ചു. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് നൽകുമെന്നാണ് അറിയുന്നത്.