Trending

പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍.


ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില കുറച്ചു. 50 മുതൽ 51.50 രൂപ വരെയാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 1580 രൂപയും കോഴിക്കോട്ട് 1619 രൂപയുമായി. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ജൂലൈ 1ന് എൽപിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1ന് 33.50 രൂപയും എണ്ണ കമ്പനികള്‍ കുറച്ചിരുന്നു. നേരത്തെ, ജൂണിൽ ഏകദേശം 24 രൂപയും, ഏപ്രിലിൽ 41 രൂപയും, ഫെബ്രുവരിയിൽ ഏഴു രൂപയും കുറച്ചിരുന്നു.

അതേസമയം, ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില ഒന്നര വർഷത്തോളമായി മാറ്റമില്ലാതെ തുടരുകയാണ്. കോഴിക്കോട്ട് സിലിണ്ടറിന് 861.5 രൂപയാണ് വില. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ കുറച്ചത് 2024 മാർച്ച് 8ന് ആയിരുന്നു. വനിതാ ദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു പ്രഖ്യാപനം. തുടർന്ന്, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി എല്ലാ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.

Post a Comment

Previous Post Next Post