കൂട്ടാലിട: കോട്ടൂര്‍ തിരുവോട് കിണറില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഞായാറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം. തിരുവോട് കൊയിലോത്തരിക്കല്‍ ജിന്‍സി (38) ആണ് കിണറ്റില്‍ വീണത്. കിണറില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ബന്ധുക്കളായ രണ്ടുപേര്‍ ഉടനെ കിണറില്‍ ഇറങ്ങുകയും യുവതിയെ താങ്ങിനിര്‍ത്തുകയുമായിരുന്നു.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി. കെ. ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ .ടി റഫീക്കിന്റെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. റെസ്‌ക്യൂ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ കിണറിൽ നിന്നും കരകയറ്റുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീഷ്, കെ. അജേഷ്, ടി. വിബീഷ്, പി.എം വിജേഷ്, എസ്. അശ്വിന്‍, എം.കെ മകേഷ്, ഹോം ഗാര്‍ഡുമാരായ എ.എം രാജീവന്‍, കെ.രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.