Trending

ജില്ലയിൽ മഞ്ഞപിത്ത വ്യാപനം കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.


കോഴിക്കോട്: കോഴിക്കേട് ജില്ലയിൽ മഞ്ഞപിത്ത വ്യാപനം കൂടുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 37 പേർക്കാണ്. ഫറോക്ക്, മങ്ങാട്, രാമനാട്ടുകര, കൊടുവള്ളി ഉൾപ്പെടെ നഗരപരിധിയിലും രോഗ വ്യാപനമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരും പാരമ്പര്യ ചികിത്സ തേടുന്നവരെയും കണക്കിലെടുത്താൻ രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപ്പെട്ട മഞ്ഞപ്പിത്തമാണ് വ്യാപിക്കുന്നത്. 

മലമൂത്ര വിസർജ്യത്തിലൂടെയും വായുവിലൂടെയും പകരുന്നതാണ് വൈറൽ ഹെപ്പറ്റൈറ്റിസ് എ. വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ കാണിക്കാൻ രണ്ടാഴ്ച മുതൽ ഒരു മാസംവരെ സമയം എടുക്കും. രോഗലക്ഷണങ്ങൾ ഉണ്ടാകും മുൻപു തന്നെ മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും. കരളിനെ ബാധിക്കുന്ന പകർച്ചാവ്യാധിയായതിനാൽ രോഗം ഗുരുതരമാവുന്നത് മരണത്തിന് വരെ കാരണമാകുന്നു. അതേസമയം കനത്ത മഴയ്ക്ക് പിന്നാലെയുള്ള കനത്ത വെയിലും, ചൂടും രോഗ വ്യാപനത്തിൻ്റെ തീവ്രത കൂട്ടിയിട്ടുണ്ട്.

കൃത്യമായി ക്ലോറിനേറ്റ് ചെയ്യാതെ വൃത്തിഹീനമായ കുടിവെള്ള സ്രോതസില്‍ നിന്നും വെള്ളം കുടിക്കുന്നവരിലെല്ലാം രോഗം കണ്ടുവരുന്നതായി ആരോഗ്യവിഭാഗം പറയുന്നു. മഴയ്ക്ക് പിന്നാലെ കെട്ടിക്കിടക്കുന്ന വെള്ളം കുത്തിയൊലിച്ച് കുടിവെള്ള സ്രോതസുമായി ഇടകലരുന്നതും രോഗാണുബാധ കൂടാനുള്ള സാദ്ധ്യതയുണ്ട്. മഞ്ഞപ്പിത്തം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post