Trending

പിണറായി ഭക്തൻ, അടുത്ത തവണയും മുഖ്യമന്ത്രി, വേറെ ആരായിട്ടും കാര്യമില്ല- വെള്ളാപ്പള്ളി.


പമ്പ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുടെ കാറിൽ അദ്ദേഹത്തിനൊപ്പമായിരുന്നു വെള്ളാപ്പള്ളി നടേശൻ ചടങ്ങിനെത്തിയത്. പിണറായി വിജയനെ തനിക്ക് ഏറെ ഇഷ്ടമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ പ്രതികരണം. 

'മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് അത്രയേറെ ഇഷ്ടമാണ്. അദ്ദേഹത്തെ ഞാനും എന്നെ അദ്ദേഹവും മുമ്പ് പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. അടുത്ത തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വേറെയാരെയും മുഖ്യമന്ത്രിയാക്കിയിട്ട് കാര്യമില്ല' വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായി വിജയന് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 'യോഗ്യന്മാരുണ്ടായിരിക്കാം, പക്ഷേ, കൊണ്ട് നടക്കാനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്. എല്ലാത്തിനേയും മെരുക്കിക്കൊണ്ട് പോകാനുള്ള ശക്തി പിണറായിക്കുള്ളത് പോലെ ഇടതുപക്ഷത്ത് മറ്റാര്‍ക്കുമില്ല. അപ്പുറത്ത് യുഡിഎഫില്‍ തമ്മിലടിയാണ്. യുഡിഎഫ് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്' വെള്ളാപ്പള്ളി പറഞ്ഞു.

കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്നും അദ്ദേഹം പറഞ്ഞു. 'ഈ പറയുന്നവരെല്ലാം ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ടു തവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസ്സില്‍ ഭക്തിയുണ്ട്. അയ്യപ്പനേ ഇന്ന് അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേ' വെള്ളാപ്പള്ളി ചോദിച്ചു.

Post a Comment

Previous Post Next Post