Trending

കടിച്ചത് അറിഞ്ഞില്ല, ചികിത്സ വൈകി; തൃശൂരിൽ പാമ്പ് കടിയേറ്റ് ആറു വയസുകാരി മരിച്ചു.


തൃശ്ശൂർ: തൃശ്ശൂർ വാടാനപ്പള്ളിയിൽ പാമ്പിന്റെ കടിയേറ്റ് ആറു വയസുകാരിക്ക് ദാറുണാന്ത്യം. വാടാനപ്പള്ളി ഇടശ്ശേരി സിഎസ്എം സ്കൂളിന്റെ കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന നന്ദുവിന്റെ മൂത്ത മകളായ അനാമികയാണ് മരണപ്പെട്ടത്. സിഎംഎസ് യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

കഴിഞ്ഞ ബുധനാഴ്ച ശാരീരിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അനാമികയെ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ചികിത്സ നേടി ഭേദമായതോടെ അനാമികയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ അനാമികയെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എന്നാൽ അനാമികയുടെ നില കൂടുതൽ മോശമായതോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് അണലിയുടെ വിഷം കുട്ടിയുടെ രക്തത്തിൽ കലർന്നതായി കണ്ടെത്തിയത്. ഉടനെ തന്നെ അത്യാഹിത വിഭാഗത്തിൽ അനാമികയെ പ്രവേശിപ്പിച്ചെങ്കിലും വൃക്കയുടെ പ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു. വീട്ടിലോ മുറ്റത്തോ വച്ച് ആവാം പാമ്പ് കടിച്ചതെന്നാണ് കരുതുന്നത്. 

പാമ്പ് കടിച്ചത് അറിയാതിരുന്നതാണ് ചികിത്സ വൈകാൻ കാരണമായത്. കാലിലോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തോ പാമ്പ് കടിച്ചതിൻ്റെ ലക്ഷണമൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഇവർ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരങ്ങളിൽ അണലിയെ കാണാറുണ്ട്.

Post a Comment

Previous Post Next Post