താമരശ്ശേരി: പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി ചുമട്ടു തൊഴിലാളിയുടെ പണം തട്ടിയതായി പരാതി. താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. ഉപയോഗിച്ചു കൊണ്ടിരുന്ന എടിഎം കാർഡ് ബ്ലോക്കായതിനെ തുടർന്ന് ബാങ്കിൽ നിന്നും പുതിയ എടിഎം കാർഡ് കൈപ്പറ്റി ആക്ടിവേഷൻ നടത്തുന്നതിനായാണ് ഹമീദ് താമരശ്ശേരി കനറാ ബാങ്കിനു മുന്നിലെ എടിഎമ്മിൽ എത്തിയത്.
ഈ സമയം പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകി എത്തിയ ആൾ ചുമട്ടു തൊഴിലാളിക്കൊപ്പം എടിഎമ്മിൽ പ്രവേശിക്കുകയും, കാർഡ് ആക്ടീവ് ചെയ്ത ശേഷം ബാലൻസ് പരിശോധിച്ച് റസീറ്റ് തൊഴിലാളിക്ക് നൽകിയ ശേഷം തൻ്റെ കൈവശമുള്ള മറ്റൊരു എടിഎം കാർഡ് ചുമട്ടുതൊഴിലാളിക്ക് കൈമാറുകയായിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ താമരശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ നിന്നും ആദ്യം 2000 രൂപയും, പിന്നീട് 3000 രൂപയും പിൻവലിച്ചതായ സന്ദേശം ഫോണിൽ വന്നപ്പോഴാണ് ചുമട്ട് തൊഴിലാളിയായ ഹമീദിന് ചതിക്കപ്പെട്ടതായി മനസ്സിലായത്.
ഉടനെ കനറാ ബാങ്കിലെത്തി കാർഡ് ബ്ലോക്ക് ചെയ്ത ശേഷം കനറാ ബാങ്കിലേയും, സൗത്ത് ഇന്ത്യൻ ബാങ്കിലേയും എടിഎംകളിലെ സിസിടിവി പരിശോധിച്ച് കാർഡ് കൈക്കലാക്കിയതും, പണം പിൻവലിച്ചതും ഒരാളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് സംഭവം സംബന്ധിച്ച് ഹമീദ് താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിലോ (O495 2222240), ഹമീദ് പോർട്ടർ +919961759335 നമ്പറിലോ അറിയിക്കുക.