Trending

ഇൻസ്റ്റയില്‍ കണ്ട ലോൺ പരസ്യം തുറന്ന് പണം നഷ്ടമായി; നഗ്ന ചിത്രമയച്ച് ഭീഷണി; പ്രതിയെ സാഹസികമായി പിടികൂടി.


കോഴിക്കോട്: സൈബർ തട്ടിപ്പ് കേസിൽ പ്രധാന കണ്ണിയെ ബിഹാറിലെത്തി അറസ്റ്റ് ചെയ്ത് കോഴിക്കോട് ചോമ്പാല പോലീസ്. ബിഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് അഭിമന്യു കുമാര്‍ (22) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ലോണ്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത അഴിയൂര്‍ സ്വദേശിയായ യുവതിയുടെ ഫോണ്‍ ഐഡി ആക്‌സസ് ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. 

പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയുടെയും 13കാരിയായ മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് അയച്ചുനൽകിയാണ് ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് ചോമ്പാല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടുകളും മൊബെല്‍ നമ്പറും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. 

നക്‌സല്‍ ഭീഷണിയുള്ളതും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ വധിച്ച് ആയുധങ്ങളുമായി കടന്ന ഔറങ്കബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് സാന്നിദ്ധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വാഹനം ഒഴിവാക്കി അര്‍ദ്ധരാത്രിയില്‍ ആയുധങ്ങളേന്തിയ ഇരുപതോളം സായുധ സേനക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് പ്രതിയുടെ വീട് വളഞ്ഞ് സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു ഐപിഎസിൻ്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പക്ടര്‍ ജെഫിന്‍ രാജു വിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജിത്ത് പി.ടി, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് എം.കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post