Trending

ഏതെടുത്താലും 99, നാദാപുരത്ത് തിക്കിലും തിരക്കിലും കടയുടെ ഗ്ലാസ് തകര്‍ന്നു വീണു; 3 പേരുടെ നിലഗുരുതരം.


നാദാപുരം: നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര വ്യാപാര സ്ഥാപനത്തിലെ കൂറ്റൻ ഗ്ലാസ് തകർന്ന് വീണ് പത്തിലേറെ പേർക്ക് പരിക്കേറ്റു. ഏതെടുത്താലും 99 രൂപയെന്ന ഓഫര്‍ വെച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരിക്കുളത്തിന് സമീപം വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയിലാണ് അപകടം നടന്നത്. 

സാരമായ മുറിവേറ്റ മുടവന്തേരി വണ്ണാറത്തിൽ ഷബീറിനെ(22), കോഴിക്കോട് മെഡിക്കൽ കോളേജിലും നാദാപുരം സ്വദേശി സച്ചിനെ (16) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈനാടി സ്വദേശി മുഹമ്മദ് ഷാമിൽ (18), നയാനിൽ (14), അദ്വൈദ് (15) വേറ്റുമ്മൽ, ആദിഷ് (15) വളയം, ഷാൽവിൻ (15) ചെക്യാട് എന്നിവർ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകി. ഒട്ടേറെ പേർക്ക് നിസാരമായ പരിക്കേറ്റു. 

സംഭവത്തെ തുടർന്ന് വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസിന്റെ നേതൃത്വത്തിൽ വ്യാപാരികളെത്തി കട പൂട്ടിച്ചു. ഇതിനിടയിലും വാക്കേറ്റവും സംഘർഷവും ഉണ്ടായി. പൊലീസും സ്ഥലത്തെത്തിയിരുന്നു. നിയമവിരുദ്ധമായ ഓഫറുകളും അപകടം വരുത്തുന്ന തരത്തിലുള്ള പ്രചാരണ രീതികളും ആരായാലും നിർത്തേണ്ടതാണെന്നും ജനങ്ങളുടെ ജീവന് വില കൽപ്പിക്കണമെന്നും അല്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അപകടത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post